അതിശയകരമാംവിധം അതുല്യം
മനുഷ്യന് സവിശേഷജീവിയല്ല - കുറഞ്ഞപക്ഷം ലണ്ടന്‍ മൃഗശാല പറയുന്ന പ്രകാരമെങ്കിലും. 2005 ല്‍ 'മനുഷ്യന് അവരുടെ സ്വാഭാവിക പരിസ്ഥിതിയില്‍'' എന്ന പേരില്‍ ഒരു ചതുര്‍ദിന പ്രദര്‍ശനം മൃഗശാല ഒരുക്കി. ഒരു ഓണ്‍ലൈന്‍ മത്സരത്തിലൂടെ മനുഷ്യ 'തടവുകാരെ'' തിരഞ്ഞെടുത്തു. സന്ദര്‍ശകര്‍ക്കു മനുഷ്യരെ മനസ്സിലാക്കുന്നതിനുവേണ്ടി, മൃഗശാലാധികൃതര്‍, അവരുടെ ഭക്ഷണരീതി, ആവാസ സ്ഥാനം എന്നിവ വിവരിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു. മൃഗശാലാ വക്താവ് പറയുന്നതനുസരിച്ച്, പ്രദര്‍ശനത്തിന്റെ ലക്ഷ്യം മനുഷ്യരുടെ അതുല്യത കുറച്ചുകാണിക്കുക എന്നതായിരുന്നു. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഒരാള്‍ അതിനോട് യോജിക്കുന്നതായി തോന്നി. 'മനുഷ്യരെ ഇവിടെ അവര്‍ മൃഗങ്ങളായി കാണുമ്പോള്‍, നാം അത്ര വിശേഷതയുള്ളവരല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നതായി തോന്നും.''
മനുഷ്യനെപ്പറ്റി ബൈബിള്‍ പറയുന്നതില്‍ നിന്നും എത്ര കടുത്ത വൈരുദ്ധ്യമാണിത്. ദൈവം തന്റെ 'സ്വരൂപത്തില്‍'' നമ്മെ 'ഭയങ്കരവും അതിശയകരവും'' ആയി സൃഷ്ടിച്ചു (ഉല്പത്തി 1:26-27; സങ്കീര്‍ത്തനം 139:14).
ദാവീദ് 139-ാം സങ്കീര്‍ത്തനം ആരംഭിക്കുന്നത് തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ആഴമായ അറിവിനെയും (വാ.1-6), സകലത്തെയും വലയം ചെയ്യുന്ന അവന്റെ സാന്നിധ്യത്തെയും (വാ. 7-12) ആഘോഷിച്ചു കൊണ്ടാണ്. ഒരു പ്രധാന നെയ്ത്തുകാരനെപ്പോലെ, ദൈവം ദാവീദിന്റെ ആന്തരികവും ബാഹ്യവുമായ സവിശേഷതകളെ നിര്‍മ്മിക്കുക മാത്രമല്ല (വാ. 13-14), അവനെ ഒരു ജീവനുള്ള ദേഹിയായി നിര്‍മ്മിച്ച് അവന് ആത്മീയ ജീവനും ദൈവവുമായി ആഴമായി ബന്ധപ്പെടുന്നതിനുള്ള കഴിവും നല്കി. ദൈവത്തിന്റെ കരവിരുതിനെ ധ്യാനിച്ചുകൊണ്ട് ഭക്തിയോടും അതിശയത്തോടും സ്തുതിയോടും കൂടി ദാവീദ് പ്രതികരിച്ചു (വാ.14).
മനുഷ്യര്‍ സവിശേഷതയുള്ളവരാണ്, അവനുമായി ദൃഢമായ ബന്ധം സ്ഥാപിക്കുവാന്‍ അതിശയകരമായ അതുല്യതയോടും മഹത്തായ കഴിവുകളോടും കൂടെ ദൈവം നമ്മെ സൃഷ്ടിച്ചു. നാം അവന്റെ സ്നേഹമുള്ള കരങ്ങളുടെ പണിയാകയാല്‍ ദാവീദിനെപ്പോലെ അവനെ സ്തുതിക്കാന്‍ നമുക്ക് കഴിയും.
ദൈവിക രക്ഷപെടല്‍
അഗതാ ക്രിസ്റ്റിയുടെ ഹെര്‍ക്യൂള്‍ പൊയ്റോട്ട് നിഗൂഢ നോവല്‍ ദി ക്ലോക്ക്സ്, കൊലപാതക പരമ്പര നടത്തുന്ന എതിരാളികളെ ചിത്രീകരിക്കുന്നതാണ്. അവരുടെ പ്രാഥമിക ലക്ഷ്യം ഒറ്റ ഇരയായിരുന്നു എങ്കിലും യഥാര്‍ത്ഥ കുറ്റത്തെ മറയ്ക്കുന്നതിനായി കൂടുതല്‍ ജീവനെടുക്കേണ്ടി വന്നു. പൊയ്റോട്ട് ചോദ്യം ചെയ്തപ്പോള്‍ ഒരു ഗൂഢാലോചനക്കാരന്റെ ഏറ്റുപറച്ചില്‍ ഇങ്ങനെ: 'ഒരു കൊലപാതകം മാത്രം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്.''
ഈ കഥയിലെ ഗൂഢാലോചനക്കാരെപ്പോലെ, മതനേതാക്കള്‍ സ്വന്തനിലയില്‍ ഗൂഢാലോചന നടത്തി. യേശു ലാസറിനെ ഉയര്‍പ്പിച്ച ശേഷം (യോഹന്നാന് 11:38-44) അവര്‍ ഒരു അടിയന്തിര യോഗം വിളിച്ചുകൂട്ടി അവനെ കൊല്ലുവാന്‍ പദ്ധതിയൊരുക്കി (വാ. 45-53). എന്നാല്‍ അവര്‍ അവിടെ നിര്‍ത്തിയില്ല. യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം, കല്ലറയ്ക്കല്‍ സംഭവിച്ച കാര്യത്തെക്കുറിച്ചു മതനേതാക്കള്‍ വ്യാജം പറഞ്ഞു പരത്തി (മത്തായി 28:12-15). തുടര്‍ന്ന് യേശുവിന്റെ ശിഷ്യന്മാരെ നിശബ്ദരാക്കാനുള്ള പദ്ധതി അവര്‍ ആരംഭിച്ചു (പ്രവൃത്തികള്‍ 7:57-8:3). 'കൂടുതല്‍ നന്മയ്ക്ക്'' എന്നു പറഞ്ഞ് ഒരു മനുഷ്യനെതിരായി ആരംഭിച്ച മത ഗൂഢാലോചന, നുണകളുടെയും ചതിയുടെയും എണ്ണമറ്റ മരണങ്ങളുടെയും വലിയൊരു വലയായി മാറി.
പലപ്പോഴും അവസാനം കാണാത്ത ഒരു പാതയിലേക്കാണ് പാപം നമ്മെ തള്ളിവിടുന്നത്. എങ്കിലും ദൈവം എല്ലായ്പ്പോഴും രക്ഷപെടാനൊരു വഴി നല്‍കുന്നുണ്ട്. 'ജനം മുഴുവനും നശിച്ചു പോകാതവണ്ണം ഒരു മനുഷ്യന് ജാതിക്കുവേണ്ടി മരിക്കുന്നത് നന്ന്'' എന്ന് മഹാപുരോഹിതനായ കയ്യഫാവ് പറഞ്ഞപ്പോള്‍ (യോഹന്നാന് 11:50) തന്റെ വാക്കുകളുടെ കാതലായ സത്യം അവന് ഗ്രഹിച്ചിരുന്നില്ല. മതനേതാക്കളുടെ ഗൂഢാലോചന മനുഷ്യന്റെ വീണ്ടെടുപ്പിനുള്ള വഴിയൊരുക്കി.
പാപത്തിന്റെ കരാളഹസ്തത്തില്‍ നിന്ന് യേശു നമ്മെ രക്ഷിക്കുന്നു. അവന് വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം നിങ്ങള്‍ പ്രാപിച്ചിട്ടുണ്ടോ?
വളഞ്ഞ ഗോപുരാഗ്രം
വളഞ്ഞ പള്ളിഗോപുരാഗ്രങ്ങള്‍ ആളുകളെ അസ്വസ്ഥരാക്കാറുണ്ട്. ഞങ്ങള്‍ ചില സ്നേഹിതരെ സന്ദര്‍ശിച്ചപ്പോള്‍, ഒരു രൂക്ഷമായ കൊടുങ്കാറ്റിനുശേഷം അവരുടെ പള്ളിയുടെ അഭിമാനമായിരുന്ന ഗോപുരാഗ്രം വളഞ്ഞത് എങ്ങനെയാണ് അങ്കലാപ്പുളവാക്കിയതെന്നവര്‍ പങ്കുവച്ചു.
പള്ളി പെട്ടെന്നുതന്നെ അത് നന്നാക്കി എങ്കിലും ആ രസകരമായ ചിത്രം എന്നെ ചിന്തിപ്പിച്ചു. പലപ്പോഴും സഭ എന്നു പറയുന്നത് എല്ലാം പൂര്‍ണ്ണതയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നയിടമാണ്; നാം പോലും കുനിഞ്ഞനിലയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കാത്ത സ്ഥലമാണത്. ശരിയല്ലേ?
എന്നാല്‍ വീഴ്ച സംഭവിച്ച, തകര്‍ന്ന ലോകത്തില്‍ നാമെല്ലാം 'വക്രത' ഉള്ളവരാണ്, ഓരോരുത്തരും അവരവരുടെ സ്വാഭാവിക ബലഹീനതകളുടെ ശേഖരമുള്ളവര്‍. നമ്മുടെ ഈ ബലഹീനതകള്‍ പൊതിഞ്ഞു സൂക്ഷിക്കുവാന്‍ നാം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും വിപരീത മനോഭാവത്തെയാണ് തിരുവചനം പ്രോത്സാഹിപ്പിക്കുന്നത്. 2 കൊരിന്ത്യര്‍ 12 ല്‍ ഉദാഹരണമായി, പൗലൊസ് പറയുന്നത്, നമ്മുടെ ബലഹീനതയിലാണ് - അവനെ സംബന്ധിച്ച്, 'ജഡത്തിലെ ശൂലം' എന്നവന് വിളിക്കുന്ന പേരുപറയാത്ത പോരാട്ടം (വാ. 7) - ക്രിസ്തു തന്റെ ശക്തി കൂടുതലായി വെളിപ്പെടുത്തുന്നതെന്നാണ്. 'എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു' എന്ന് യേശു അവനോടു പറഞ്ഞു (വാ. 9). പൗലൊസ് ഉപസംഹരിക്കുന്നത്, 'അതുകൊണ്ട് ഞാന്‍ ക്രിസ്തുവിനു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം
എന്നിവ സഹിക്കുവാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള് തന്നേ ഞാന്‍ ശക്തനാകുന്നു' എന്നാണ് (വാ. 10).
നമ്മുടെ അപൂര്‍ണ്ണതകളെ നാം ഇഷ്ടപ്പെട്ടെന്നു വരില്ല, പക്ഷേ അവയെ മറയ്ക്കുന്നത് നമ്മുടെ ആ വിഷയത്തില്‍ പ്രവര്‍ത്തിക്കാനുള്ള യേശുവിന്റെ ശക്തിയെ നിഷേധിക്കലാണ്. നാം നമ്മുടെ ജീവിതത്തിലെ വളഞ്ഞ ഇടങ്ങളിലേക്ക് യേശുവിനെ ക്ഷണിക്കുമ്പോള്‍, നമ്മുടെ ശ്രമങ്ങള്‍ക്ക് ഒരിക്കലും നിര്‍വഹിക്കാന്‍ കഴിയാത്ത തരത്തില്‍ അവന് സൗമ്യമായി കേടുപോക്കുകയും വീണ്ടെടുക്കുകയും ചെയ്യും.
നമുക്ക് പരസ്പരം ആവശ്യമുണ്ട്
എന്റെ മക്കളുമായി മല കയറുന്ന സമയത്ത്, പാതയുടെ അരികില്‍ വളരുന്ന ഇളം പച്ചനിറത്തിലുള്ള ഒരു സസ്യത്തെ ഞങ്ങള്‍ കണ്ടെത്തുകയുണ്ടായി. അവിടെയുള്ള ബോര്‍ഡില്‍ രേഖപ്പെടുത്തിയതനുസരിച്ച് അതിനെ സാധാരണയായി 'മാന്‍ പായല്‍' എന്നാണ് വിളിക്കുന്നതെന്ന് മനസ്സിലായി. എന്നാലതൊരു പായല്‍ അല്ലായിരുന്നു. അതൊരു കല്‍പ്പായല്‍ ആയിരുന്നു. ഒരു കല്‍പ്പായല്‍ എന്നു പറയുന്നത്, ഒരു ഫംഗസും ഒരു ആള്‍ഗയും പരസ്പര ബന്ധത്തില്‍ ഒന്നിച്ചു വളരുകയും തന്മൂലം രണ്ടു സസ്യങ്ങളും പരസ്പരം നേട്ടം ആര്‍ജ്ജിക്കുകയും ചെയ്തുകൊണ്ട് വളരുന്നതാണ്. ഫംഗസിനോ ആള്‍ഗയ്ക്കോ തനിയെ നിലനില്ക്കാന് കഴിയില്ല, എന്നാല്‍ ഒന്നിച്ചു വളരുമ്പോള്‍ അവ ഒരു കഠിന സസ്യമായി മാറുകയും ആല്‍പ്സിലെ ചിലയിടങ്ങളില്‍ ഏതാണ്ട് 4500 വര്‍ഷങ്ങളോളം ജീവിക്കുവാന്‍ കഴിയുകയും ചെയ്യുന്നുണ്ട്. സസ്യത്തിന് വരള്‍ച്ചയെയും കുറഞ്ഞ ഊഷ്മാവിനെയും അതിജീവിക്കാന്‍ കഴിയുന്നതുകൊണ്ട് കഠിനമായ മഞ്ഞുകാലത്ത് കാരിബുകളുടെ (റെയിന്‍ഡിയര്‍) ഏക ഭക്ഷണം ഇത് മാത്രമാണ്.
ഫംഗസും ആള്‍ഗയും തമ്മിലുള്ള ബന്ധം, നമ്മുടെ മാനുഷിക ബന്ധങ്ങളെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു. നാം പരസ്പരം ആശ്രയിക്കുന്നു. വളരുവാനും അഭിവൃദ്ധിപ്പെടുവാനും നമുക്ക് പരസ്പര ബന്ധം ആവശ്യമാണ്.
പൗലൊസ് കൊലൊസ്യയിലെ വിശ്വാസികള്‍ക്കെഴുതുമ്പോള്‍, നമ്മുടെ ബന്ധം എങ്ങനെയായിരിക്കണമെന്ന് എഴുതുന്നുണ്ട്. നാം 'മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ എന്നിവ'' ധരിക്കണം (കൊലൊസ്യര്‍ 3:12). നാം 'ഏകശരീരം'' ആയിരിക്കുന്നതിനാല്‍ (വാ. 15) അന്യോന്യം ക്ഷമിക്കയും സമാധാനത്തില്‍ ജീവിക്കുകയും വേണം.
നമ്മുടെ കുടുംബത്തോടും അല്ലെങ്കില്‍ സ്നേഹിതരോടും സമാധാനത്തില്‍ ജീവിക്കുക എല്ലായ്പ്പോഴും എളുപ്പമല്ല. എന്നാല്‍ നമ്മുടെ ബന്ധങ്ങളില്‍ താഴ്മയും ക്ഷമയും പ്രദര്‍ശിപ്പിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ ശക്തീകരിക്കുമ്പോള്‍ അന്യോന്യമുള്ള നമ്മുടെ സ്നേഹം ക്രിസ്തുവിലേക്കു വിരല്‍ ചൂണ്ടുകയും ദൈവത്തിനു മഹത്വം വരുത്തുകയും ചെയ്യും (യോഹന്നാന് 13:35).
ദൈവത്തിന്റെ അതിശയ കരങ്ങള്‍
ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ അന്റോണിയയിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് ഇരുപത് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഫ്ളൈറ്റ് പ്ലാന്‍ വ്യത്യാസപ്പെടുത്തുകയും ശാന്തത പരിഭ്രാന്തിക്കു വഴിമാറുകയും ചെയ്തു. വിമാനത്തിന്റെ എഞ്ചിനുകളിലൊന്ന് പൊട്ടിത്തെറിച്ച് കഷണങ്ങള്‍ ക്യാബിനുള്ളിലേക്ക് തുളച്ചു കയറി. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശാന്തനും പ്രാപ്തനുമായ പൈലറ്റ് - നേവി ഫൈറ്റര്‍ പൈലറ്റായി പരിശീലനം നേടിയ - ഇല്ലായിരുന്നുവെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. പ്രാദേശിക ദിനപ്പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു,'അതിശയ കരങ്ങളില്‍.'
സങ്കീര്‍ത്തനം 31 ല്‍, ദൈവത്തിന്റെ അതിശയവും കരുതുന്നതുമായ കരങ്ങളെക്കുറിച്ച് തനിക്കു ചിലത് അറിയാമെന്നു ദാവീദ് വെളിപ്പെടുത്തി. അതുകൊണ്ടാണ് 'നിന്റെ കൈയില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു' (വാ.5) എന്ന് ധൈര്യത്തോടെ ദാവീദ് പറഞ്ഞത്. ജീവിതം വഴിമുട്ടുമ്പോള്‍ ആശ്രയിക്കാന്‍ കൊള്ളാവുന്നവനാണ് യഹോവയെന്ന് ദാവീദ് വിശ്വസിച്ചു. ശത്രു ശക്തികള്‍ അവനെ ലക്ഷ്യം വെച്ചപ്പോള്‍ ദാവീദിന് ജീവിതം പ്രയാസകരമായിത്തീര്‍ന്നു. ആക്രമിക്കപ്പെടാവുന്ന സ്ഥിതിയിലാണെങ്കിലും അവന് പ്രതീക്ഷയറ്റവനായിരുന്നില്ല. അസഹ്യപ്പെടുത്തലുകളുടെ നടുവിലും ദാവീദിന് ആശ്വാസത്തിന്റെ നെടുവീര്‍പ്പിടാനും സന്തോഷിക്കാനും കഴിഞ്ഞു. കാരണം അവന്റെ വിശ്വസ്തനും സ്നേഹവാനുമായ ദൈവം ആയിരുന്നു അവന്റെ ധൈര്യത്തിന്റെ ഉറവിടം (വാ. 5-7).
എല്ലാ ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ നിങ്ങളുടെ നേരെ വരികയും മുമ്പില്‍ എന്താണെന്ന് കാണാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന, ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിലായിരിക്കാം നിങ്ങളിപ്പോള്‍. അനിശ്ചിതത്വത്തിന്റെയും ചിന്താക്കുഴപ്പത്തിന്റെയും ശൂന്യതയുടെയും നടുവില്‍ ഒരു കാര്യം പൂര്‍ണ്ണ ഉറപ്പോടെ നിലകൊള്ളുന്നു - കര്‍ത്താവില്‍ സുരക്ഷിതരായവര്‍ അതിശയ കരങ്ങളിലാണ്.